
...ഷോണിന് വീണ്ടും സംസാരിക്കാനോ നടക്കാനോ സാധിക്കുമോ എന്നതില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷെ കുടുംബത്തിനും ഇന്റലിനും അദ്ദേഹം മടങ്ങി വരേണ്ടത് ഒരുപോലെ പ്രധാനമായിരുന്നു. ഷോണിന് സംഭവിച്ചതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കുന്നതിന് മുമ്പ് ഇന്റല്‍ അദ്ദേഹത്തിന്റെ കുടുബത്തോട് അനുവാദം ചോദിക്കുകയുണ്ടായി. എന്നാല്‍, മക്കളായ റെയ്ച്ചലും ബ്രിജിഡും ഇതില്‍ നിന്നും ഇന്റലിനെ വിലക്കി. പത്രക്കുറിപ്പ് ഷോണ്‍ തന്നെ തയ്യാറാക്കി നല്‍കുമെന്ന് ഷോണിന്റെ കുടുംബം കമ്പനിയെ അറിയിച്ചു.
ഷോണിനുണ്ടായ അപകടം മക്കളെ തളര്‍ത്താതെ നോക്കേണ്ടത് തന്റെ കടമയാണെന്ന് മാര്‍ഗ്രറ്റിന് നന്നായി അറിയാമായിരുന്നു. ഷോണ്‍ ചെറിയ കുട്ടിയല്ലെന്നും പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാമെന്നും മാര്‍ഗ്രറ്റ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. പത്രക്കുറിപ്പില്‍ മൈനര്‍ സ്‌ട്രോക്ക് എന്നോ സ്‌ട്രോക്ക് എന്നോ എഴുതേണ്ടത് എന്ന ചോദ്യത്തിന് സ്‌ട്രോക്ക് എന്നു തന്നെയെഴുതാന്‍ ഷോണ്‍ നിര്‍ബന്ധം പിടിച്ചു. ആസ്പത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന മക്കളുടെ അഭിപ്രായത്തെയും അദ്ദേഹം എതിര്‍ത്തു. താന്‍ മടങ്ങി വരുമെന്നത് തന്റെ കണ്ണുകളില്‍ പ്രകടമാണെന്നും സുഹൃത്തുക്കള്‍ക്ക് അത് ആശ്വാസമേകുമെന്നും ഷോണ്‍ കരുതി.