Sunday, May 23, 2010

മനശ്ശാന്തിയുടെ ആകാശം തേടി


ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വാള്‍ട്ട് ഡിസ്നി, തന്റെ കലാസൃഷ്ടികള്‍ പരിപൂര്‍ണതയിലെത്തണമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധമുള്ള ആളായിരുന്നു.  ഈ ശാഠ്യം അദ്ദേഹത്തിന്റെ മനോനില തെറ്റിക്കുന്ന വിധം വഷളായി.  ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി. സദാ ടെന്‍ഷന്‍ കീഴടക്കിയ ഡിസ്നി, ഒരു മനോരോഗിയായി മാറി തുടങ്ങിയിരുന്നു.  പരിപ്പൂര്‍ണ്ണ വിശ്രമം കൊണ്ടേ സാധാരണ നില കൈവരിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍ വിധിച്ചു.  

വൈകിയാണങ്കിലും, തന്റെ മാനസിക ദൗര്‍ബല്യം തിരിച്ചറിഞ്ഞ ഡിസ്നി തുടര്‍ന്ന് ജീവിതത്തിലും മനോവ്യാപരങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.  അതോടെ കൂടുതല്‍ മാനസികോല്ലാസം വീണ്ടെടുത്ത് തന്റെ കാര്‍ട്ടൂണുകള്‍ ചലച്ചിത്രമാക്കി.  അതാണ് ലോകത്തെ ഒരു വലിയ ചലച്ചിത്ര പ്രസ്ഥാനമായി ഉയര്‍ന്നത്.  

ഡിസ്നിയുടെ ജീവിചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ചത്,  മാനസിക സമ്മര്‍ദം നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നതിന്റെ ഒരുദാഹരണം ചൂണ്ടിക്കാട്ടാനാണ്.  ആധുനിക മനുഷ്യന്‍ അതിഭീകരമാം വിധത്തില്‍ ടെന്‍ഷനുകളുടെ തടവറയില്‍ വെന്തുനീറികൊണ്ടിരിക്കുകയാണ്.  വീട്ടിലും വിദ്യാലയങ്ങളിലും ഓഫീസിലും ആശുപത്രിയിലും എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാനസിക സമ്മര്‍ദം നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.  ഡിസ്നിയേ പോലെ അതു തിരിച്ചറിഞ്ഞ് സ്വയം ചിക്ത്സിക്കാന്‍ ഭൂരിപക്ഷവും അപകടകരമായ വഴികളില്‍ അകപ്പെടുകയോ അനേകം മനോ-ശാരീരിക രോഗങ്ങളുടെ  ഇരകളായിത്തീരുകയോ ചെയ്യുന്നു.