Tuesday, December 25, 2012

പൊരുതുക തന്നെ ജീവിതം

അറിവില്ലാത്തവനും തനിക്ക് അറിവില്ലെന്ന് അറിയാത്തവനും വിഡ്ഢിയാണ്; അവനെ അകറ്റുക. അറിവില്ലാത്തവനും തനിക്ക് അറിവില്ല എന്ന് അറിയുന്നവനും അജ്ഞനാണ്; അവനെ പഠിപ്പിക്കുക. അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്ന് അറിയാത്തവനും നിദ്രാധീനനാണ്; അവനെ ഉണര്‍ത്തുക. അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്നറിയുന്നവനും ബുദ്ധിമാനാണ്; അവനെ പിന്തുടരുക.


ജീവിത സമരങ്ങള്‍ക്കിടയില്‍ മുന്നില്‍ നിന്നും നയിക്കുന്നവരും പിന്നില്‍ അനുയായികളായി നയിക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഈ മാര്‍ഗനിര്‍ദേശക വാക്യങ്ങള്‍ ഒരു ബ്രിട്ടീഷ് പഴമൊഴിയിലേതാണ്.

ഓരോ ചെറിയ മണല്‍ത്തരിക്കുപിമ്പിലും അറിയപ്പെടാത്ത എത്രയോ സൗരയൂഥങ്ങളുടെ പ്രപഞ്ച സാന്നിദ്ധ്യമുണ്ടാകാമെന്ന് ഒരിക്കല്‍ ഒരു കവി പാടിയിട്ടുണ്ട്. 'പരോപകാരമേ പുണ്യ'മെന്നതായിരുന്നു ഒരിക്കല്‍ നമ്മുടെ പൊതുവായ കാഴ്ചപ്പാട്. സാമൂഹിക ജീവിതത്തിനിടെ പലതരത്തില്‍പ്പെട്ട ആള്‍ക്കാരുമായി നമുക്ക് ഇടപെടേണ്ടി വരുന്നുണ്ട്. അതില്‍ പലരോടും നാം പലതരത്തില്‍ കടപ്പെട്ടിട്ടുമുണ്ടാവാം. പരസ്​പരം ഉപകരിക്കുന്നതിലൂടെയാണ് സമൂഹം സമൃദ്ധി നേടുന്നത്. ഒട്ടും സ്വാര്‍ത്ഥതയില്ലാതെ ചെയ്യുന്ന ഉപകാരങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെയെങ്കിലും ഒരു നല്ല പ്രതികരണം ഉണ്ടാകാതെ വരില്ല.