Tuesday, January 24, 2012

തിരിച്ചു വരവ്‌...ഷോണിന് വീണ്ടും സംസാരിക്കാനോ നടക്കാനോ സാധിക്കുമോ എന്നതില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷെ കുടുംബത്തിനും ഇന്റലിനും അദ്ദേഹം മടങ്ങി വരേണ്ടത് ഒരുപോലെ പ്രധാനമായിരുന്നു. ഷോണിന് സംഭവിച്ചതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കുന്നതിന് മുമ്പ് ഇന്റല്‍ അദ്ദേഹത്തിന്റെ കുടുബത്തോട് അനുവാദം ചോദിക്കുകയുണ്ടായി. എന്നാല്‍, മക്കളായ റെയ്ച്ചലും ബ്രിജിഡും ഇതില്‍ നിന്നും ഇന്റലിനെ വിലക്കി. പത്രക്കുറിപ്പ് ഷോണ്‍ തന്നെ തയ്യാറാക്കി നല്‍കുമെന്ന് ഷോണിന്റെ കുടുംബം കമ്പനിയെ അറിയിച്ചു.

ഷോണിനുണ്ടായ അപകടം മക്കളെ തളര്‍ത്താതെ നോക്കേണ്ടത് തന്റെ കടമയാണെന്ന് മാര്‍ഗ്രറ്റിന് നന്നായി അറിയാമായിരുന്നു. ഷോണ്‍ ചെറിയ കുട്ടിയല്ലെന്നും പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാമെന്നും മാര്‍ഗ്രറ്റ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. പത്രക്കുറിപ്പില്‍ മൈനര്‍ സ്‌ട്രോക്ക് എന്നോ സ്‌ട്രോക്ക് എന്നോ എഴുതേണ്ടത് എന്ന ചോദ്യത്തിന് സ്‌ട്രോക്ക് എന്നു തന്നെയെഴുതാന്‍ ഷോണ്‍ നിര്‍ബന്ധം പിടിച്ചു. ആസ്പത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന മക്കളുടെ അഭിപ്രായത്തെയും അദ്ദേഹം എതിര്‍ത്തു. താന്‍ മടങ്ങി വരുമെന്നത് തന്റെ കണ്ണുകളില്‍ പ്രകടമാണെന്നും സുഹൃത്തുക്കള്‍ക്ക് അത് ആശ്വാസമേകുമെന്നും ഷോണ്‍ കരുതി.


ആസ്പത്രി കിടക്കയിലും വെറുതെ കിടക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. മാര്‍ഗ്രറ്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് ആസ്പത്രിക്കിടക്കയില്‍ ഷോണിന് തുണയായത്. പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കാന്‍ ഷോണ്‍ ആഗ്രഹിച്ചു. വിശ്വസാഹിത്യകാരന്‍ ജോസഫ് കോണ്‍റാഡിന്റെ 'ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നസ്' എന്ന നോവല്‍ വായിച്ചു കേള്‍ക്കാനാണ് ഷോണ്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചത്. തന്റെ മാനസിക വികാരങ്ങള്‍ സ്ഫുരിക്കുന്ന നോവലിലെ വാചകങ്ങള്‍ ചൂണ്ടിയായിരുന്നു ഷോണ്‍ മാര്‍ഗ്രറ്റിന് തന്റെ മാനസികാവസ്ഥ മനസ്സിലാക്കികൊടുത്തിരുന്നത്. ക്ഷമയില്ലായ്മയും ദേഷ്യവും സങ്കടവുമെല്ലാം അദ്ദേഹം പ്രകടിപ്പിക്കുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ ഷോണിന്റെ ഇടതു വശം പ്രതികരിക്കാന്‍ തുടങ്ങി. വൈകാതെ അദ്ദേഹത്തിന് പിടിച്ചു നടക്കമെന്ന സ്ഥിതിയായി.ഷോണുമായി സിലിക്കണ്‍വാലിയിലേക്ക് കാറോടിച്ചു പോയത് മാര്‍ഗ്രറ്റ് ഇന്നും ഓര്‍ക്കുന്നു. കാറിന് പിന്നിലിരുന്ന് ശീലമില്ലാത്ത ഷോണ്‍ പലതവണ മാര്‍ഗ്രറ്റിന് വഴി പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. 'ഊഹ് ...ഊഹ്..' എന്ന ശബ്ദമുണ്ടാക്കി പലകുറി കൈചുണ്ടിക്കാണിച്ചു. വഴി കൃത്യമായി കാണിക്കാന്‍ ഷോണിന് കഴിഞ്ഞത് മാര്‍ഗ്രറ്റിന് അമ്പരപ്പും അഹ്ലാദവും നല്‍കി. അപ്പോഴും തന്റെ ഇഷ്ടവിനോദമായ ബോട്ട് റോവിങ്ങിന് പോകണമെന്നതായിരുന്നു ഷോണിന്റെ ആഗ്രഹം. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ക്ക് പക്ഷെ ഇക്കാര്യത്തില്‍ സംശയമായിരുന്നു. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ബോട്ട് റോവിങ് ക്ലബിലേക്കാണ് മാര്‍ഗ്രറ്റ് ഷോണിനെ പിന്നീട് കൊണ്ടു പോയത്. അദ്ദേഹത്തിന്റെ വലതു കൈ ആ അവസരത്തില്‍ പാടെ തളര്‍ന്ന നിലയിലായിരുന്നു. പക്ഷെ ഇടതു കൈ കൊണ്ട് ബോട്ട് ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത് മാര്‍ഗ്രറ്റിനെ അമ്പരിപ്പിച്ചു.

പിറ്റേന്ന് ഷോണ്‍ മാര്‍ഗ്രറ്റിനെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. അല്‍പ്പം വിശ്രമത്തിന് ശേഷം കണ്ണുതുറന്ന മാര്‍ഗ്രറ്റ് കണ്ടത് റോവിങ് വസ്ത്രങളണിഞ്ഞ ഷോണ്‍ കാറിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്നതാണ്. മാര്‍ഗ്രറ്റിന് എന്തു ചെയ്യണമെന്ന് അറിയുമായിരുന്നില്ല. ഉടനെയവര്‍ ബോട്ട് റോവിങ്ങില്‍ ഷോണിന്റെ പങ്കാളിയായ ജീന്‍ പിയറി വാന്‍ ടിയലിനെ വിളിച്ചു. വാന്‍ടിയാലിനോട് ബോട്ട് റോവിങ് ക്ലബിലേക്കെത്തണമെന്ന് പറഞ്ഞ് ഷോണുമായി യാത്രയാരംഭിച്ചു. ഒരാഴ്ച നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ ബോട്ട് തുഴയാന്‍ തന്നെ ഷോണിന് സാധിച്ചു. ആദ്യമൊക്കെ വട്ടത്തില്‍ തുഴഞ്ഞ് നീങ്ങാന്‍ മാത്രമേ കഴിഞ്ഞിരുന്നുവെങ്കിലും അധികം വൈകാതെ നേര്‍രേഖയില്‍ ബോട്ട് മുന്നോട്ട് തുഴയാനും കഴിഞ്ഞു.എന്നാല്‍, സംസാരശേഷി വീണ്ടെടുക്കാനാണ് ഷോണ്‍ ഏറെപണിപ്പെട്ടത്. തലച്ചോറിന്റെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗത്തെയാണ് മസ്തിഷ്‌ക്കാഘാതം തളര്‍ത്തിയതെന്നത് അദ്ദേഹത്തിന്റെ സംസാര ശേഷി ഇല്ലാതാക്കിയിരുന്നു. സ്പീച്ച് പാത്തോളജിസ്റ്റിന്റെ സഹായത്തോടെയുള്ള വേഡ് ഡ്രില്ലുകളും മറ്റും ഒരുപാട് ദിവസങ്ങള്‍ നീണ്ടു.

മാര്‍ഗ്രറ്റും കുട്ടികളും ഇക്കാര്യത്തിലും ഷോണിനെ ഏറെ സഹായിച്ചു. അദ്ദേഹത്തിനിഷ്ടപ്പെട്ട കവിതകള്‍ വായിച്ചു കൊടുക്കുകയാണ് ഇതിനായി മാര്‍ഗ്രറ്റ് കണ്ട വഴി. താളാത്മകമായ വായനയിലൂടെ വാക്കുകളിലേക്ക് ഷോണിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

സഹൃദയരായ അയല്‍വാസികളും സഹപ്രവര്‍ത്തകരും കൂട്ടുകാരും നല്‍കിയ പ്രചോദനവും ഷോണിനെ ഒട്ടൊന്നുമല്ല സഹായിച്ചത്. ഇതില്‍ ഏറ്റവും പ്രധാനം ആപ്പിളിന്റെ ഈയിടെ മരണമടഞ്ഞ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് നല്‍കിയ കരുത്താണ്. സ്റ്റീവ് മാസത്തിലൊരിക്കലെങ്കിലും ഷോണിനെ സന്ദര്‍ശിക്കുമായിരുന്നു. പാന്‍ക്രിയാസ് ക്യാന്‍സറിനോട് മല്ലിടുമ്പോഴായിരുന്നു സുഹൃത്തായ ഷോണിനെ കാണാനും ആശ്വസിപ്പിക്കാനുമായി സ്റ്റീവ് എത്തിയിരുന്നത്. ഷോണിന് പുറം ലോകത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു സ്റ്റീവിന്റെ ലക്ഷ്യം. സന്ദര്‍ശന വേളകളില്‍ ഷോണുമായി സ്റ്റീവ് അയല്‍പ്രദേശങ്ങളിലൂടെ നടക്കാന്‍ പോവാറുണ്ടായിരുന്നു; ഇടയ്‌ക്കൊക്കെ ബൈക്ക് റൈഡുകള്‍ക്കും.പ്രയത്‌നത്തിന് ഫലമുണ്ടായി. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഷോണ്‍ ഇന്റലില്‍ മടങ്ങിയെത്തി. ഔദ്യോഗിക ജോലികള്‍ തുടങ്ങിയത് വളരെ പതുക്കെയായിരുന്നു. വലിയ സംഘം ജീവനക്കരെ ഒരുമിച്ച് അഭിസംഭോധന ചെയ്യുന്നതിന് പകരം ഒറ്റക്കുള്ള മുഖാമുഖ ചര്‍ച്ചകളായിരുന്നു തുടക്കത്തില്‍. അതേസമയം, വലിയ യോഗങ്ങളില്‍ പങ്കെടുക്കുന്ന അവസരങ്ങളില്‍ അദ്ദേഹത്തിന് പറയാനുള്ളത് പറയാന്‍ അവസരം നല്‍കുന്നതില്‍ സഹപ്രവര്‍ത്തകര്‍ അതീവശ്രദ്ധ പുലര്‍ത്തി. അത്രത്തോളം പ്രധാനമായിരുന്നു ഇന്റലിന് ഷോണ്‍ മലോണിയുടെ തിരിച്ചുവരവ്. വീണ്ടും മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് ഷോണ്‍ പ്രധാനപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കുന്നത്. 3,700ഓളം മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ആ യോഗത്തില്‍ അദ്ദേഹം പറഞ്ഞു- ''എന്റെ സംസാരശേഷി നിയന്ത്രിക്കാന്‍ തലച്ചോറിന്റെ വലതു വശത്തെ ഞാന്‍ പരിശിലിപ്പിച്ചു കഴിഞ്ഞു; തീര്‍ച്ചായായും ജീവിതത്തില്‍ മറ്റൊന്നും ചെയ്യാന്‍ ഇത്രയും ബുദ്ധിമുട്ടു നേരിട്ടിട്ടില്ല''

ഒരു റോബോട്ടിന്റെ സംസാരം പോലെ ഷോണിന്റെ സംസാരാത്തില്‍ കൃത്രിമത്വം നിഴലിച്ചിരുന്നെങ്കിലും വ്യക്തമായി ആശയങ്ങള്‍ കൈമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മസ്തിഷ്‌ക്കാഘാതത്തിന് ശേഷവും ഇന്റലിന്റെ ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനം ഇപ്പോഴും ഷോണിന് പ്രാപ്യമെന്നാണ് ഇന്റലിലെ ഉന്നത ഉദ്യോഗസ്ഥര്‍ കരുതുന്നത്. ചൈനയിലേക്ക് താമസം മാറിയതിനു ശേഷം മന്ദാരിനില്‍ ഭാഷ ശരിയാക്കുന്നതിനായി പ്രത്യേക പരീശിലനവും ഷോണിന് ലഭിച്ചു. ബീജിങ്ങില്‍ പതിനേഴ് നഗരങ്ങളിലായി പരന്നു കിടക്കുന്ന 20ഓളം ഓഫീസുകളിലെ 8600 ജീവനക്കാര്‍ ഇന്ന് ഷോണിന് കീഴിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇന്റല്‍ ആഗോള ബസിനസ് മേഖലയില്‍ നിന്ന് നേടിയ 700 കോടി ഡോളര്‍ വരുമാനത്തില്‍ 16 ശതമാനവും ചൈനയില്‍ നിന്നായിരുന്നവെന്നത് ഷോണിന്റെ ചുമതല വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തിന് തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമാണ് ഷോണ്‍ നന്ദി പറയുന്നത്. എന്നാല്‍ മുകതയുടെ ആഴക്കയത്തില്‍ നിന്ന് കൈപിടിച്ച കയറാന്‍ ഷോണിന് തുണയായത് ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ്.

2 comments:

ഐക്കരപ്പടിയന്‍ said...

ഇത്തരം പുനര്‍വായന വായനക്കാരന് നല്‍കുന്നത് താങ്കള്‍ സ്വന്തമായി എഴുതുന്നത്‌ പോലെയുള്ള ഫലം തന്നെയാണ്. ഇതിനാല്‍ ഇനിയും തുടരുക ഈ യജ്ഞം...

ഷോണിന്റെ തിരിച്ചു വരവ് ഇതിലും എത്രയോ നേരിയ പ്രതിസന്ധികളെ നേരിടാന്‍ പോലും കഴിയാതെ ജീവിതം അവസാനിപ്പിക്കുന്ന എത്രയോ പേര്‍ക്ക് ഉപകാരപ്പെടട്ടെ....ആശംസകള്‍..!

നിസാരന്‍ .. said...

മനസ്സിന് പ്രചോദനം നല്‍കുന്ന ലേഖനം

Post a Comment