Tuesday, January 24, 2012

''തകര്‍ക്കാം പക്ഷെ തോല്‍പ്പിക്കാനാവില്ല''


 

''തകര്‍ക്കാം; പക്ഷെ തോല്‍പ്പിക്കാനാവില്ല'' വിശ്വപ്രസിദ്ധ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിങ്‌വേയുടെ 'ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ' (കിഴവനും കടലും) എന്ന നോവല്‍ നല്‍കുന്ന സന്ദേശം ഇതാണ്. സാന്റിയാഗോ എന്ന കിഴവനായ മുക്കുവന്റെ മത്സ്യത്തിനായുള്ള പോരാട്ടമാണ് നോവലില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 84 ദിവസങ്ങള്‍ മത്സ്യത്തിനായി കടലിനോടും സ്രാവുകളോടും, വിമര്‍ശകരോടും സാന്റിയോഗോ നടത്തുന്ന യുദ്ധം, പ്രതിസന്ധികളില്‍ തളരാത്ത മനുഷ്യന്റെ ധീരമുഖമാണ് പരിചയപ്പെടുത്തുന്നത്. ഇതുപോലുള്ള മഹാന്‍മാരായ ഒട്ടനവധി പേരെ നമുക്കിന്ന് കാണാം. ചിലര്‍ പ്രയത്‌നത്തില്‍ വിജയിക്കുന്നു; ചിലര്‍ അനശ്വരമായ ഓര്‍മയാവുന്നു. മറ്റു ചിലരുടെ തളരാത്ത പോരാട്ടങ്ങള്‍ തുടര്‍ന്നും നമ്മെ വിസ്മയിപ്പിക്കുന്നു. അതിലൊരാളെന്ന് വേണം ഇന്റലിന്റെ ചൈനാ വിഭാഗം ചെയര്‍മാന്‍ ഷോണ്‍ മലോണിയെ വിശേഷിപ്പിക്കാന്‍.

ലണ്ടനിലെ ഒരിടത്തരം കുടുംബത്തിലെ ആറുമക്കളില്‍ അവസാനത്തെ കുട്ടിയായാണ് മലോണി ജനിച്ചത്. പൊതുവെ വികൃതിയായിരുന്ന പയ്യന്‍ 15ാം വയസ്സില്‍ തന്നെ തനിനിറം കാട്ടിത്തുടങ്ങി. അധികം വൈകാതെ തന്നെ അച്ചടക്കമില്ലാത്തവനെന്ന പേരില്‍ സ്‌ക്കൂളില്‍ നിന്ന് പുറത്തുമായി. നിയോ നാസി മുന്നേറ്റത്തിനെതിരെ പൊരുതുന്ന സോഷ്യലിസ്റ്റ് ലേബര്‍ ലീഗില്‍ അംഗമായ പയ്യനെ സംബന്ധിച്ചിടത്തോളം സ്‌ക്കൂള്‍ അധികൃതരുടെ നടപടി തീര്‍ത്തും സ്വാഭാവികമായിരുന്നു. അനീതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് യുവാക്കളെ സംഘടിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അസാമാന്യമായ കഴിവ് ചെറുപ്പത്തില്‍ തന്നെ മലോണി പ്രകടിപ്പിച്ചിരുന്നു. അസംഖ്യം പേരുടെ പിന്തുണയുള്ളപ്പോഴും പക്ഷെ ഒരാള്‍ ഇതിനെല്ലാം എതിരായിരുന്നു. മലോണിയുടെ അച്ഛനല്ലാതെ മറ്റാരുമായിരുന്നില്ല അത്.

കെമിക്കല്‍ ഡൈ ഫാക്ടറിയില്‍ ജോലി ചെയ്തു ജീവിതം പുലര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്ന ഷോണിന്റെ അച്ഛന് മകന്റെ വിപ്ലവത്തിലൊന്നും യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ മരിക്കും മുമ്പ് തന്നെ ഷോണിനെ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വലിയൊരു റാലിയെ അഭിസംഭോധന ചെയ്ത് ഷോണ്‍ നടത്തുന്ന പ്രസംഗം കേട്ടപ്പോള്‍ ഷോണിന്റെ അച്ഛന്‍ അമ്മയോട് പറഞ്ഞു ''അവനില്‍ എന്തോ ഉണ്ട്; അതുപയോഗിച്ച് ഭയാനകമായതോ അല്ലെങ്കില്‍ വളരെ നല്ലതോ ആയ എന്തെങ്കിലും അവന്‍ ചെയ്യും''



പ്രതിസന്ധികളില്‍ നിന്ന് നീന്തി കയറാനുള്ള ഷോണിന്റെ പാടവം ലോകത്തിന് മനസ്സിലായത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പോള്‍ ഒട്ടിലീനിക്ക് പിന്‍ഗാമിയായി ഇന്റലിന്റെ സി.ഇ.ഒ സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന അവസരത്തില്‍ ഷോണിന്റെ ജീവിതം ഇരുളിലായപ്പോഴായിരുന്നു അത്. ഉല്ലാസവാനും ഉത്സാഹിയുമായി ജീവിക്കുന്നതിനിടയിലാണ് ഷോണിന്റെ ജീവിതത്തില്‍ മസ്തിഷ്‌ക്കാഘാതം വില്ലനാവുന്നത്. ആറാമതായി ജനിച്ച കുട്ടിയുടെ ആരോഗ്യ പ്രശ്്‌നങ്ങളുണ്ടാക്കിയ മനപ്രയാസം ഷോണിന്് താങ്ങാവുന്നതില്‍ കൂടുതലായിരുന്നു.

ഷോണിന്റെ ഭാര്യ മാര്‍ഗ്രെറ്റ് ആറാമാതായി ഗര്‍ഭം ധരിച്ചത് ഇരട്ടകുട്ടികളെയായിരുന്നു. ഇതിലൊരാളെ പിറക്കും മുമ്പ് തന്നെ ഇരുവര്‍ക്കും നഷ്ടമായി. ശ്വാസതടസ്സത്തെ തുടര്‍ന്ന് രണ്ടാമത്തെ കുട്ടിയെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അവസരത്തില്‍ ഷോണ്‍ മാനസികമായി ആകെ തളര്‍ന്നു. തന്റെ പിഞ്ചോമനയെ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന് സഹിക്കാനാവുമായിരുന്നില്ല. ഷോണിന് കഠിനമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സംസാരിക്കാന്‍ കഴിയാത്തതുപോലെ. ഉടന്‍ തന്നെ പേനയും കടലാസും എടുത്ത് എഴുതാന്‍ ശ്രമിച്ചു - 'ക്വിക്ക് ബ്രൗണ്‍ ഫോക്‌സ് ജംപ്ഡ്് ഓവര്‍ ദ ലേസി ഡോഗ്'. എഴുതാന്‍ കഴിയുന്നില്ല. വാക്കുകള്‍ക്കായി പലതവണ പരതി; എത്ര ശ്രമിച്ചിട്ടും വാക്കുകള്‍ കിട്ടുന്നില്ല. ഉടന്‍ തന്നെ തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് മക്കളായ ജോര്‍ജിനെയും ബ്രിജിഡിനെയും അദ്ദേഹം ധരിപ്പിച്ചു.

തനിക്ക് സംഭിവിക്കുന്നത് എന്താണെന്നറിയാന്‍ ഷോണ്‍ ഇന്റര്‍നെറ്റിലെത്തി. തോന്നുന്ന ബുദ്ധിമുട്ടുകള്‍ ഒരോന്നായി ടൈപ്പു ചെയ്തു. ഏതു രോഗത്തിന്റെ ലക്ഷണങ്ങളാണിതെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ഉടന്‍ തന്നെ അസുഖത്തിന്റെ ഏകദേശ രൂപം ഷോണിന് ലഭിച്ചു. സ്‌ട്രോക്കി(മസ്തിഷ്‌ക്കാഘാതം)ന്റെ മുന്നോടിയായി ഉണ്ടാവുന്ന ഇസ്‌ക്കീമിക്ക് സ്‌ട്രോക്കുകള്‍(ചെറു ആഘാതങ്ങള്‍) തന്റെ തലച്ചോറിനെ കീഴടക്കുകയാണ്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തിന് തടസ്സം നേരിടുന്ന അവസരത്തിലാണ് സ്‌ട്രോക്കുണ്ടാവുക. മസ്തിഷ്‌ക്കാഘാതം സംഭവിച്ചാല്‍ ഒാക്‌സിജന്‍ ലഭിക്കാതെ മസ്തിഷ്‌ക കോശങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നശിക്കാന്‍ തുടങ്ങും. ഇസ്‌ക്കീമിക്ക് സ്ട്രോക്കു(ടി.ഐ.എ)കള്‍ മസ്തിഷ്‌ക്കാഘാതത്തോളം ഗുരുതരമല്ലെങ്കിലും ഇതിനു പിന്നാലെ സ്‌ട്രോക്കുണ്ടാവാനുള്ള സാധ്യതയേറെയാണ്.



കാര്യം ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഉടനെ തന്നെ ഷോണ്‍, അടുത്ത ആസ്പത്രിയിലെത്തി തനിക്ക് മസ്തിഷ്‌ക്കാഘാതമാണെന്നും അതിനുള്ള ചികിത്സ ഉടന്‍ ലഭിക്കണമെന്നും അറിയിച്ചു. പക്ഷെ ഡോക്ടര്‍ ഇതുകേട്ട് അമ്പരക്കുകയാണ് ചെയ്തത്. മസ്തിഷ്‌ക്കാഘാതത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണിക്കാത്ത ഒരാള്‍ ഇങ്ങനെ പറയുന്നത് അദ്ദേഹത്തെ അമ്പരപ്പിച്ചു. രോഗത്തിന്റെ ലക്ഷണങ്ങള്‍ എവിടെയോ വായിച്ചറിഞ്ഞപ്പോള്‍ തനിക്കതുണ്ടെന്നോര്‍ത്തുള്ള ഭയമായിരിക്കും ഷോണിനെന്നാണ് ഡോക്ടര്‍ കരുതിയത്. അതുകൊണ്ട് തന്നെ ഷോണിന് മൈഗ്രെയിനിനുള്ള മരുന്നു നല്‍കി ഡോക്ടര്‍ പറഞ്ഞു വിട്ടു.


ദിവസങ്ങള്‍ കഴിഞ്ഞതോടെ സ്ഥിതി വഷളായി. എന്നാല്‍, ഇത് ഭാര്യയോട് പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇരട്ടക്കുട്ടികളില്‍ ഒരാളെ നഷ്ടപ്പെട്ട ദു:ഖത്തില്‍ നിന്ന് മോചിതയാവും മുമ്പ് മാര്‍ഗ്രറ്റിനിത് താങ്ങാനാവുമോ എന്നതായിരുന്നു ഭയം. പിന്നീടുള്ള ഞായറാഴ്ച മകനോടൊത്ത് ജോഗിങ്ങിനു പോയശേഷം അതികഠിനമായ തലവേദനയോടെയാണ് ഷോണ്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് മസ്തിഷ്‌ക്കാഘാതം അദ്ദേഹത്തെ തളര്‍ത്തി. തലച്ചോറിന്റെ ഇടതു ഭാഗത്തേക്ക് രക്തമെത്തിക്കുന്ന പ്രധാന ആര്‍ട്ടറികളില്‍ ഒന്നിലായിരുന്നു തടസ്സം. സംസാരശേഷിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഭാഗം തളര്‍ന്നത് ഷോണിന്റെ സംസാരശേഷിയില്ലാതാക്കി. ജീവിതം ഒരുപാടു അവസരങ്ങള്‍ കാത്തു വെച്ച അവസരത്തില്‍ ഒന്നിന് പിറകെ ഒന്നായി എത്തിയ ആഘാതങ്ങള്‍ ഷോണിണനെ തകര്‍ക്കുകയാണെന്ന് തോന്നി. പക്ഷെ അദ്ദേഹത്തെ കാലങ്ങളായി അറിയുന്ന കുടുംബത്തിനും ഇന്റലിനും ഒരു കാര്യം ഉറപ്പായിരുന്നു. ഷോണ്‍ തിരിച്ചു വരിക തന്നെ ചെയ്യും...


തിരിച്ച് വരവ് ഇവിടെ വായിക്കാം

കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

0 comments:

Post a Comment