Sunday, May 23, 2010

മനശ്ശാന്തിയുടെ ആകാശം തേടി


ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വാള്‍ട്ട് ഡിസ്നി, തന്റെ കലാസൃഷ്ടികള്‍ പരിപൂര്‍ണതയിലെത്തണമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധമുള്ള ആളായിരുന്നു.  ഈ ശാഠ്യം അദ്ദേഹത്തിന്റെ മനോനില തെറ്റിക്കുന്ന വിധം വഷളായി.  ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി. സദാ ടെന്‍ഷന്‍ കീഴടക്കിയ ഡിസ്നി, ഒരു മനോരോഗിയായി മാറി തുടങ്ങിയിരുന്നു.  പരിപ്പൂര്‍ണ്ണ വിശ്രമം കൊണ്ടേ സാധാരണ നില കൈവരിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍ വിധിച്ചു.  

വൈകിയാണങ്കിലും, തന്റെ മാനസിക ദൗര്‍ബല്യം തിരിച്ചറിഞ്ഞ ഡിസ്നി തുടര്‍ന്ന് ജീവിതത്തിലും മനോവ്യാപരങ്ങളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.  അതോടെ കൂടുതല്‍ മാനസികോല്ലാസം വീണ്ടെടുത്ത് തന്റെ കാര്‍ട്ടൂണുകള്‍ ചലച്ചിത്രമാക്കി.  അതാണ് ലോകത്തെ ഒരു വലിയ ചലച്ചിത്ര പ്രസ്ഥാനമായി ഉയര്‍ന്നത്.  

ഡിസ്നിയുടെ ജീവിചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ചത്,  മാനസിക സമ്മര്‍ദം നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നതിന്റെ ഒരുദാഹരണം ചൂണ്ടിക്കാട്ടാനാണ്.  ആധുനിക മനുഷ്യന്‍ അതിഭീകരമാം വിധത്തില്‍ ടെന്‍ഷനുകളുടെ തടവറയില്‍ വെന്തുനീറികൊണ്ടിരിക്കുകയാണ്.  വീട്ടിലും വിദ്യാലയങ്ങളിലും ഓഫീസിലും ആശുപത്രിയിലും എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാനസിക സമ്മര്‍ദം നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.  ഡിസ്നിയേ പോലെ അതു തിരിച്ചറിഞ്ഞ് സ്വയം ചിക്ത്സിക്കാന്‍ ഭൂരിപക്ഷവും അപകടകരമായ വഴികളില്‍ അകപ്പെടുകയോ അനേകം മനോ-ശാരീരിക രോഗങ്ങളുടെ  ഇരകളായിത്തീരുകയോ ചെയ്യുന്നു.


ശാരീരിക രോഗങ്ങളില്‍ മൂന്നില്‍ രണ്ടും മാനസിക സമ്മര്‍ദ്ധങ്ങളുടെ സൃഷ്ടിയാണ്.  രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പെപ്റ്റിക്ക് അള്‍സര്‍, ആസ്ത്മ, പ്രമേഹം, റൂമാറ്റോയിഡ് ആര്‍ത്രൈസ് (സന്ധിവാതം), ത്വക്ക് രോഗങ്ങള്‍, അലര്‍ജി, കാന്‍സര്‍ തുടങ്ങിയ ഒരുമാതിരി രോഗങ്ങളൊക്കെ മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നതോ രൂക്ഷമാകുന്നതോ ആണെന്ന കാര്യത്തില്‍ വൈദ്യശാസ്ത്രത്തില്‍ തര്‍ക്കമില്ല.  ശാരീരിക രോഗങ്ങള്‍ക്കു പുറമെ ടെന്‍ഷന്‍, ചെറുതും വലുതുമായ ഒട്ടേറെ മാനോരോഗങ്ങളും, സംശയരോഗം, ചിത്തഭ്രമം തുടങ്ങിയവ അതില്‍ ചിലതു മാത്രം. 

വിദ്യാസമ്പന്നതയിലും വികസനത്തിലും മറ്റേതു സംസ്ഥാനത്തെയും പിന്നിലാക്കിയ കേരളത്തില്‍ മാനസിക വൈകല്യങ്ങള്‍ അതിരൂക്ഷമാണെന്ന്  തെളിയിക്കുന്ന സംഭവങ്ങളാണ് ദിനേന പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്.  നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ( എന്‍ സി ആര്‍ ബി )  കേരളത്തില്‍ പ്രതിവര്‍ഷം 9000 പേര്‍ ആത്മഹത്യ ചെയ്യുന്നതായും അതിന്റെ പത്തിരട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നതായും രേഖപെടുത്തുന്നു.  2002ലെ ഒരു മനശാസ്ത്രപഠനത്തില്‍, കേരളത്തില്‍ നൂറില്‍ ഏഴു വീടുകളില്‍ മനോരോഗികളും അഞ്ച് രോഗികളില്‍ അമിത മദ്യപാനികളും, 26 വീടുകളില്‍ കുടുബ കലഹവും, 23 വീടുകളില്‍ ദാമ്പത്യത്തകര്‍ച്ചയും ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി.  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഒന്നരക്കോടി ആളുകളാണ് ഹൃദ്രോഗം മൂലം മരിക്കുന്നത്.  അതില്‍ 10 ലക്ഷം പേര്‍ 40-60 പ്രായമുള്ളവരാണെന്നും മാനസിക സംഘര്‍ഷം നിറഞ്ഞ കുടുബാന്തരീഷമാണ് ഹൃദ്രോഗ കാരണമായിത്തീരുന്നതെന്നും പ്രസ്തുത പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഹൈദ്രബാദ് അപ്പോളോ ഹോസ്പിറ്റല്‍ മുന്‍കൈയെടുത്ത് നടത്തിയ ഒരു പഠനത്തില്‍ ആശുപത്രികളിലെത്തുന്ന 89 ശതമാനം രോഗികളുടെയും യഥാര്‍ത്ഥ പ്രശ്നം  മാനസിക സമ്മര്‍ദത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് വെളിപ്പെടുത്തുന്നു.  ചുരുക്കത്തില്‍ വ്യാധികളേക്കാള്‍ ആധികളാണ് ആധുനിക മനുഷ്യന്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണിയെന്നഥം.  ഈ ടെന്‍ഷനെ നേരിടാന്‍ എന്താണ് മാര്‍ഗ്ഗം?

യാഥാര്‍ഥ്യ ബോധം

പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ വിന്‍സ്ന്റ് പീലിന്റെയടുക്കല്‍ ഒരിക്കല്‍, ഒരു കോടീശ്വരന്‍ വന്നു.  “എനിക്ക് ഇഷ്ടം പോലെ പണമുണ്ട്, സുഖസൗകര്യങ്ങളുണ്ട്, സ്വത്തുണ്ട്; പക്ഷെ സമാധാനമില്ല.  സന്തോഷവും സംതൃപ്തിയുമില്ല. എപ്പോഴും മനസ്സിനെ അസ്വസ്ഥതകള്‍ വേട്ടയാടുന്നു. ഉറക്കം കിട്ടുന്നില്ല,  ഭക്ഷണത്തോട് വിരക്തി...”  കോടീശ്വരന്‍ തന്റെ ദൈന്യത വിവരിച്ചു.  അതിനാല്‍,  പൂര്‍ണ മനസ്സമാധാനത്തോടെ കഴിയുന്നവരോടൊപ്പം കുറച്ചു ദിവസങ്ങള്‍ കഴിയാന്‍ അയാള്‍ ആഗ്രഹിക്കുന്നു. ഡോക്ടര്‍ അതിനുള്ള സൗകര്യം ഒരുക്കണം.

വിന്‍സന്റ് പീല്‍ അയാളെയും കൂട്ടി ദൂരെ ഒരു സ്ഥലത്തേക്ക് പോയി.  പ്രശ്നങ്ങളും മാനസിക സമ്മര്‍ദങ്ങളുമില്ലാത്ത ഒരു ലോകത്തേക്ക്.  അതൊരു ശ്മശാനമായിരുന്നു!

പീല്‍ ഇതിലൂടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു വലിയ ജീവിത പാഠമാണ്.  ലോകത്തെവിടെയും പൂര്‍ണ്ണമനസ്സമാധാനത്തില്‍ കഴിയുന്ന ആരുമില്ലന്ന പാഠം.  എന്തല്ലാം പ്രശ്നങ്ങളും പ്രതിസന്ധികളുമായാണ് ഓരോ മനുഷ്യനും ജീവിച്ചു പോരുന്നത്.  സാമ്പത്തിക തകര്‍ച്ച, കുടുബകലഹം, അയല്‍ക്കരുമായുള്ള പിണക്കം, ബിസിനസ്സിലെ പ്രശ്നങ്ങള്‍,  അടുത്തവരുടെ മരണം, കുട്ടികളില്ലാത്തതിന്റെ പേരിലുള്ള വിഷമം, പരീക്ഷയെ കുറിച്ചുള്ള പേടി,  വഴിതെറ്റിയ മക്കളെ കുറിച്ചുള്ള ആധി,  പ്രായമായ പെണ്‍ മക്കളെ കുറിച്ചുള്ള ദുഖം,  ഭാവിയെ കുറിച്ചുള്ള ആശങ്ക... അങ്ങനെ തീരാത്ത പ്രശ്നങ്ങളുടെ നീണ്ട പട്ടിക.  ഇവ ജീവിത യാഥാര്‍ഥ്യങ്ങളാണ്.  ലോകത്ത് ഒരാള്‍ പോലും  ടെന്‍ഷനില്ലാത്തതായുണ്ടാവില്ല എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം വേണ്ടത്.  

ജീവിതത്തില്‍ അനുനിമിഷം സംഭവിക്കുന്ന പ്രശ്നങ്ങളെ, സ്വാഭാവികമായി കാണാന്‍ ശീലിക്കണം.  ഒന്നും അപ്രതീക്ഷിതമാകരുത്.  മനുഷ്യ ജീവിതം പൂര്‍ണ്ണമായും അവന്റെ കൈകള്‍ക്ക് മീതെയാണ് നിയന്ത്രിക്കപ്പെടുന്നത് എന്നതിനാല്‍, സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ.  ഈയൊരു മാനസികാവസ്ഥ കൈവരിക്കാനായാല്‍ ജീവിതത്തിലെ പ്രശ്നങ്ങളെ പ്രസന്നതയോടെ നേരിടാന്‍ സാധിക്കും.  

മനക്കരുത്ത് കൈവിടരുത്

പ്രശ്നങ്ങള്‍ക്കു നടുവില്‍,  അതിനെ  കീഴടക്കാന്‍ തനിക്കു സാധിക്കുമെന്ന് ചങ്കുറപ്പോടെ ആത്മഗതം ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കഴിയും.  ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചുകൊള്ളട്ടെ, അതു തരണം ചെയ്യാതെ പറ്റില്ല.  അതിലൂടെ കടന്ന് പോകാതെ നിര്‍വാഹമില്ല.  അതിനാല്‍ ഏതു കഠിന ഘട്ടത്തോയും ധീരമായി നേരിടാനുള്ള ഒരു തയ്യാറെടുപ്പ് നമുക്കാവശ്യമാണ്.  

ഒരു സത്യവിശ്വാസിയുടെ ജീവിതവീക്ഷണം ശരിയായിത്തീര്‍ന്നാല്‍, ആത്മധൈര്യം മനക്കരുത്തും അവന് സ്വാഭാവികമായിത്തന്നെ കൈവരും.  ദൈവം വിധിച്ചതെന്തും തനിക്ക് ഗുണപ്രദവും അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നത് പ്രതിഫലാര്‍ഹവുമാണെന്നായിരിക്കും അവന്റെ ചിന്ത.

 നബി (സ) പറഞ്ഞു:
 “ഒരു വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്.  അവന്റെ സകല കാര്യങ്ങളും അവന് നന്മയായിരിക്കും.  ഇത് വിശ്വാസിയുടെ മാത്രം പ്രത്യേകതയാണ്. ഗുണകരമായത് സംഭവിച്ചാല്‍ അവന്‍ നന്ദിയുള്ളവനായിരിക്കും.  ദോഷകരമായതു സംഭവിച്ചാല്‍ അവന്‍ ക്ഷമ കൈക്കൊള്ളും.  അപ്പോള്‍ അതും അവന് നന്മയായിത്തീരും.”  (മുസ്ലീം)

പ്രശ്നങ്ങളെ ഉദാത്തീകരിക്കുന്ന ക്രിയാത്മകമായ ഒരു മാനസിക സമീപനമാണ് വിശ്വാസിയുടെ ജീവിത വീക്ഷണത്തില്‍ ഉള്‍ച്ചേരുന്നതെന്നാണ് ഈ നബി വചനം വ്യക്തമാക്കുന്നത്.  രോഗം, ഭീതി, ദു:ഖം, വേദന, മനസ്സംഘര്‍ഷം, ക്ലേശം, അപകടം, സന്താനനഷ്ടം തുടങ്ങീ ഒരോ വിപത്തുകളും  സമചിത്തതയോടെ നേരിടുന്ന വിശ്വാസി, അതു വഴി തന്റെ പാപങ്ങള്‍ മായ്ച്ചുകളയുകയും പ്രതിഫലം വാരിക്കൂട്ടുകയുമാണ് ചെയ്യുന്നതെന്ന് മറ്റു ചില ഹദീസുകളില്‍ വന്നിട്ടുണ്ട്.  

പരിഹാരം എന്താണ്?

ടെന്‍ഷനെ കീഴ്പ്പെടുത്താനുള്ള ഏക പോം വഴി ദൃഢമായ ദൈവവിശ്വാസം മാത്രമാണ്.  ദൈവത്തെ ഹൃദയത്തിന്റെ ഒരു ഓരത്തേക്ക് തള്ളിനീക്കുന്നവര്‍ക്ക് അവര്‍ അകപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മോചനം കൈവരില്ല.  പ്രത്യുത, ഹൃദയം നിറയെ ദൈവസ്മരണ നിറയ്ക്കുമ്പോള്‍ മാത്രമേ അതു സാധിക്കൂ.

 “അറിയുക, ദൈവസ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങള്‍ ശാന്തമാവുകയുള്ളൂ‍“ (ക്വുര്‍ആന്‍)

ദൈവമുണ്ട് എന്ന വിശ്വാസം മാത്രമുണ്ടായാല്‍ പോര; ദൈവിക ചൈതന്യം നമ്മുടെ ഓരോ നിമിഷത്തേയും പിന്തുടരുകയും നമ്മുടെ രക്ഷ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടന്ന് വിശ്വസിക്കാന്‍ സാധിക്കണം.  ഞാന്‍ തനിച്ചല്ല, രണ്ടാമനായി അല്ലാഹുവുണ്ടെന്ന ഉറപ്പ് നമുക്ക് ആത്മബലം നല്‍കുക തന്നെ ചെയ്യും.  സൗര്‍ ഗുഹയില്‍ ഭയവിഹ്വലനായി ഇരിക്കുകയായിരുന്ന അബൂബക്ര്‍ സിദ്ദീഖി(റ)നെ നബി(സ്വ) ആശ്വസിപ്പിച്ചത്, നമ്മുടെ കൂടെ മൂന്നാമനായി അല്ലാഹു ഉണ്ടന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ്.  

മനുഷ്യരെ ബുദ്ധിമുട്ടിക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യുന്നവനല്ല ദൈവം അവന്‍ കരുണാനിധിയാണ്.  സ്നേഹസ്വരൂപനാണ്.  അതുകൊണ്ട്, താത്ക്കാലികമായ ചില പ്രതിബന്ധങ്ങള്‍ സംഭവിച്ചാല്‍ പോലും അത്യന്തികമായി വിശ്വാസികള്‍ക്ക് അവന്‍ നന്മ മാത്രമേ വരുത്തുകയുള്ളൂ. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പരിണതിയാവാം പല ദുര്‍ഗതികളും നമുക്ക് സംഭവിക്കുന്നത്.  നമ്മുടെ കാഴ്ചയില്‍ നന്നെന്നു തോന്നുന്നതെല്ലാം ശാശ്വതമായി അങ്ങനെയാവണമെന്നില്ല.  നമ്മുടെ നോട്ടത്തില്‍ തിന്മയെന്നു കരുതുന്നത് പിന്നീട് നന്മയായി അനുഭവപ്പെട്ടുകൂടെന്നുമില്ല ( ക്വുര്‍ആന്‍ ).  അതിനാല്‍ നമ്മുടെ ജീവിതഗതി അല്ലാഹുവില്‍ അര്‍പ്പിച്ച് സ്വസ്ഥത പ്രാപിക്കുകയാണ് വേണ്ടത്.  സത്യവിശ്വാസികള്‍ക്ക് ദുഖമോ ഭയമോ ആവശ്യമില്ലെന്ന് അല്ലാഹു അരുളിയിട്ടുണ്ട്. ‘ വിശ്വാസം കടന്നുവരുമ്പോള്‍ ഭയം നിഷ്കാസനം ചെയ്യപ്പെടും.  ഭയം അമിതമാകുമ്പോഴാകട്ടെ വിശ്വാസം പുറന്തള്ളപ്പെടുകയും ചെയ്യു’മെന്ന് പറയപ്പെട്ടിട്ടുണ്ട്.  

വിശ്വപ്രശസ്തനായ മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡിന്റെ ശിഷ്യനായ സി ജി യുങ, തന്റെ മുപ്പത് വര്‍ഷം നീണ്ട മനശ്ശാസ്ത്ര സേവനത്തിനിടെ, തന്നെ സമീപിച്ച 75 ശതമാനം രോഗികളുടെയും മനസ്സംഘര്‍ഷങ്ങളുടെ മൂലകാരണം ദൈവവിശ്വാസം നഷ്ടപ്പെട്ടതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  അടിയുറച്ച ദൈവവിശ്വാസം മാനസികാരോഗ്യത്തിന്റെ അനിവാര്യഘടകമാണെന്ന് യൂങ് അഭിപ്രായപ്പെടുകയുണ്ടായി.

അല്ലാഹു പറയുന്നു:

 “നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പ്പിക്കാന്‍ ആരുമില്ല.  അവന്‍ നിങ്ങളെ കൈവിടുന്ന പക്ഷം അവനു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്?  അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ.”  (ക്വുര്‍ആന്‍ 3:160).

നബി (സ) ഓര്‍മ്മിപ്പിക്കുന്നു:

“അല്ലാഹുവിന്റെ കാര്യത്തില്‍ രേഖപ്പെടുത്തിയതല്ലാതെ നിനക്കു വല്ല ഉപകാരവും ചെയ്യാന്‍ സൃഷ്ടികളെല്ലാം കൂടി ഉദ്ദേശിച്ചാല്‍ പോലും അവര്‍ക്കതിന് സാധിക്കുകയില്ല.  അല്ലാഹു നിന്റെ കാര്യത്തില്‍ രേഖപ്പെടുത്തിയതല്ലാതെ വല്ല വിഷമവും നിനക്കു വരുത്താന്‍ അവരല്ലാവരും കൂടി ഉദ്ദേശിച്ചാല്‍ അവര്‍ക്കതിന് സാധിക്കുകയില്ല.  നിനക്ക് അനിഷ്ടകരമായ വിഷയത്തില്‍ നീ ക്ഷമിക്കുന്നത്കൊണ്ട് നിനക്ക് ധാരാളം ഗുണമുണ്ടാകുമെന്ന് നീ അറിയണം.  ദൈവിക സഹായം ക്ഷമയോടൊപ്പമാണെന്നും, ആശ്വാസം ബുദ്ധിമുട്ടിനോടൊപ്പമാണെന്നും, എളുപ്പം ഞെരുക്കത്തോടെപ്പമാണെന്നും നീ അറിയണം.” (അഹ്മദ്, തിര്‍മിദി).

ഈ വിധത്തിലുള്ള ദൃഢവിശ്വാസത്തിന്റെ വെളിച്ചത്തില്‍ ജീവിത വീക്ഷണം രൂപപ്പെടുത്തിയവര്‍ തെളിഞ്ഞ മനസ്സമാധാനം അനുഭവിക്കും.  സമ്മര്‍ദമുക്തമാകും അവരുടെ മനസ്സുകള്‍.  അവരുടെ നിരന്തരമായ പ്രാര്‍ഥന:  “ബിസ്മില്ലാഹി, ലാഹൗല വലാക്വുവ്വത്ത ഇല്ലാബില്ലാഹ്.  അത്തവക്വുല്‍ അലല്ലാ‍ഹ്” (അല്ലാഹുവിന്റെ നാമത്തില്‍, അവനല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല. ഭരമേല്‍പ്പിക്കല്‍ അല്ലാഹുവിലാണ്) എന്നായിരിക്കും.  

കടപ്പാട്
|||  ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്  |||
By. മുജീബ് റഹ്മാന്‍ കിനാലൂര്‍
യുവത ബുക്ഹൗസ്,  9 comments:

Noushad Vadakkel said...

ശാസ്ത്രം പുരോഗമിക്കുമ്പോഴും മനുഷ്യ മനസ്സുകളുടെ അസ്വസ്ഥതകള്‍ക്ക് കുറവുണ്ടാകുന്നുണ്ടോ ? കൂടുകയല്ലാതെ .എന്താണ് മനസ്സിനെ ശാന്തമാക്കുവാന്‍ ചെയ്യേണ്ടത് .? ശാസ്ത്രത്തിന് അപ്പുറം ചില ചിന്തകളും പഠനങ്ങളും ആവശ്യമായി വരുന്നു .


തുടരുക നന്മകള്‍ നേരുന്നു ,ഭാവുകങ്ങളും

അശ്രഫ് ഉണ്ണീന്‍ said...

ഒരു തെളി നീര്‍ എവിടോ നിന്നോ ഒഴുകി തഴുകി വളഞ്ഞു പുളഞ്ഞു വരുന്ന പോല്‍ - വളരെ മനോഹരം - അതിലേറെ വിജ്ഞാനപരം -
ഗുഡ് വര്‍ക്ക്‌ - കീപ്‌ അപ്പ്‌

MT Manaf said...

Nicely designed...gr8
enrich with good informative posts
Congrats!

അബ്ദു said...

വാക്കുകള്‍ക്ക് മൂര്‍ച്ചയും തെളിച്ചവും നന്നായി ഉണ്ട് . പക്ഷെ , വായിച്ചെടുക്കാന്‍ കണ്ണിനു ത്രാണി പോര! ഇച്ചിരി കൂടി കട്ടി കൂട്ടാമോ, അക്ഷരങ്ങള്‍ക്ക്? കണ്ണിനു പ്രായമായി!

റിയാസ് കൊടുങ്ങല്ലൂര്‍ said...

എല്ലാവിധ ആശംസകളും നേര്ന്നു കൊണ്ട് കാക്കുന്നു അടുത്ത പോസ്റ്റിനായി..
ഹൃദയപൂര് വ്വം...

Abdul Rahman Chowki said...

വളരെ മനോഹരം.. അതിലേറെ വിജ്ഞാനപരം.. അഭിനന്ദനങ്ങള്‍..

jithin pp said...

മനുഷ്യന്റെ മനസ്സിലെ ഭാരങ്ങള്‍ ഇറക്കിവെക്കുവാന്‍ പറ്റിയ ഒരിടം .നല്ല ആശയം
നന്മകള്‍ നേര്‍ന്നുകൊണ്ട്

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

അല്ലാ, ഇതു കുറെയായില്ലേ, പുതിയതൊന്നും കാണുന്നില്ല.

ARYANTHODIKA said...

Dear Where is new one?

Post a Comment